My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Sunday, July 19, 2015

നിലാവ്


Image result for moon light

   ചുട്ടുപൊള്ളുന്ന വേനല്‍ വെയിലിനും മാനം ചുവപ്പിച്ച സായം സന്ധ്യയ്ക്കും വിട നല്‍കി നിലാവെളിച്ചം നിശാദേവിയെ സ്വാഗതം ചെയ്തിരിക്കുന്നു. ഈ നിലാവില്‍ കുളിച്ചുനില്‍ക്കുന്ന പ്രകൃതിയുടെ മടിത്തട്ടില്‍ തല ചായിച്ചുറങ്ങുവാന്‍ ഞാന്‍ എന്നും കാംക്ഷിച്ചിരുന്നു. ആ ഉറക്കത്തെ സൌരഭ്യമുള്ളതാക്കാന്‍ എന്‍റെ മുറ്റത്തെ മുല്ലയും പൂവിട്ടിരിക്കുന്നു. നിലാവില്‍ ഇളം തെന്നലിന്‍റെ മഞ്ചലിലേറിവരുന്ന ആ മുല്ലപ്പൂ വാസന എന്‍റെ എല്ലാ വികാരങ്ങളെയും തൊട്ടുണര്‍ത്തി.


വീടിന്‍റെ ഉമ്മറത്തെ നടക്കല്ലില്‍ രാത്രിയുടെ യാമങ്ങളില്‍ പ്രകൃതിയുമായി അലിഞ്ഞു ചേര്‍ന്നിരിക്കാന്‍ എന്ത് രസമാണ്. പ്രത്യേകിച്ചും വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍. അപ്പോളാണ് നിശയുടെ ഭംഗി ഏറ്റവും കൂടുതല്‍ ആസ്വദിക്കുവാന്‍ സാധിക്കുന്നത്.


"എടീ കാത്തു.. ഈ നട്ടപ്പാതിരയ്ക്ക് നീ അവിടെ ആരെ സ്വപ്നം കണ്ടിരിക്കുവാ??.. ഇഴജെന്തുക്കളെറങ്ങണ സമയാ! വീടിന്‍റെ അകത്തു കേറി പോ പെണ്ണെ"... അമ്മയുടെ നീട്ടിയുള്ള വിവരണം എന്‍റെ എല്ലാ വികാരങ്ങളേയും തല്ലി കെടുത്തി.


"ഈ അമ്മ വേണ്ടാത്ത സമയത്ത് കുറെ വാക്കുകളും പെറുക്കിയെടുത്തു വരും. വികാരങ്ങള്‍ അതിന്‍റെ മൂര്‍ത്തിഭാവത്തിലേക്ക് എത്തുകയായിരുന്നു. ദേ! കിടക്കുന്നു എല്ലാം വെള്ളത്തില്‍.." തന്‍റെ നിരാശ അവള്‍ മനസ്സില്‍ നിശബ്ദമായി പ്രകടിപ്പിച്ചു.


ആ രാത്രിയോട് വിട ചൊല്ലുവാന്‍ അവള്‍ക്ക് തോന്നിയില്ല. അമ്മയുടെ അടുത്ത പരാതിയുടെ ഭാണ്ടകെട്ടുകള്‍ അഴിക്കുന്നതിനു മുന്‍പേ അവള്‍ തന്‍റെ മുറിയിലേക്ക് പോയി. തന്‍റെ ജനാലയുടെ കതകുകള്‍ തുറന്ന് നിശയെ തന്‍റെ മുറിയിലേക്ക് സ്വാഗതം ചെയ്തു. അവിടെ ആരും തന്നെ ശല്യപ്പെടുത്തില്ല... ഏതു വികാരത്തിനും അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്താനും അവയില്‍ അലിഞ്ഞു ചേരാനും കഴിയുന്ന നിമിഷങ്ങള്‍ എന്‍റെ മുറി എനിക്ക് സമ്മാനിച്ചിരുന്നു.


കലാലയ ജീവിതത്തിന്‍റെ വര്‍ണകാഴ്ചകളില്‍ എന്നും സൗന്ദര്യത്തിനാണ് പ്രാമുഖ്യം. ആരൊക്കെ തന്നെ വായിനോക്കി ആരൊക്കെ തന്നെ പുകഴ്ത്തി ആരൊക്കെ തന്നെ പ്രണയതുരയാക്കി... എന്നൊക്കെയാണ് ഒരു സാദാരണ പെണ്‍കുട്ടിയുടെ ആകുല ചിന്തകള്‍.. പഠനത്തേക്കാള്‍ പ്രണയത്തിനാണ് ഓരോ കലാലയവും സാക്ഷിയാവുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഞാനും അക്കൂട്ടത്തില്‍ ഉള്ള ഒരു സാദാരണ പെണ്‍കുട്ടി മാത്രമാണ്.. പക്ഷെ വളരെ യാദൃശ്ചികമായാണ് ആ വയോദികനെ ഇന്ന്‌ കാണുവാന്‍ ഇടയായത്. തന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവും സമ്മാനിച്ച് അയാള്‍ പോയി മറഞ്ഞു... ഇനി ഒരിക്കലും ഞാന്‍ അയാളെ കാണത്തില്ലായിയിരിക്കും... അയാളെക്കുറിച്ചു ചിന്തിച്ചുകൊണ്ട്‌ ജനാലയ്ക്കരികില്‍ നില്‍ക്കുമ്പോളാണ് ഒരു രാപ്പാടി വളരെ ഉച്ചത്തില്‍ പാടിക്കൊണ്ട് മുറ്റത്തെ മാവിന്‍കൊമ്പില്‍ ചേക്കേറിയത്.. രാപ്പാടിയുടെ പാട്ട് രാത്രിയുടെ സംഗീതമാണ്...


പെട്ടെന്ന്‍ ഉണ്ടായ ബസ്‌ സമരം കാരണം നേരത്തെ ക്ലാസ്സ് വിട്ടു. കിട്ടിയ വണ്ടിയില്‍ കയറി ഇറങ്ങാന്‍ പറ്റുന്നിടത്ത് ഇറങ്ങി. പിന്നെ ഏതൊക്കെയൊ കുറുക്കു വഴികളിലൂടെയോ വീട് ലക്ഷ്യമാക്കി നടന്നപ്പോള്‍ ആണ് അയാളെ കാണുവാന്‍ ഇടയായത്. അയാളുടെ വേഷവിധാനങ്ങള്‍ ഒരു ഭിക്ഷക്കാരന്‍റെ പോലുണ്ടായിരുന്നു.. ശരിക്കും ഞാന്‍ പേടിച്ചു അയാളില്‍നിന്നും രക്ഷപ്പെടുവാന്‍ ശ്രമിച്ചു. പക്ഷേ വീണ്ടും വീണ്ടും അയാള്‍ എന്‍റെ പുറകെ വരുവാന്‍ തുടങ്ങി.


"എന്നെ രക്ഷിക്കണം, എന്നെ സഹായിക്കണം.. എന്‍റെ കുഞ്ഞ്.." വേറൊന്നും അയാള്‍ പറയുന്നുണ്ടായിരുന്നില്ല.


എന്‍റെ ഹൃദയമിടിപ്പ് കൂടി. ആ വഴിയില്‍ വേറാരെങ്കിലും എനിക്ക് കൂട്ടായി വന്നിരുന്നെങ്കിലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ബലാല്‍സംഗത്തിന്‍റെയും പിടിച്ചു പറിയുടേയും മദ്ധ്യത്തില്‍ ജീവിക്കുന്ന എന്നെ പോലൊരു പെണ്‍കുട്ടിക്ക് ഒരു ഭ്രാന്തന്‍ മനുഷ്യന്‍റെ ജല്പനങ്ങളും അയാളുടെ നിലവിളിയും ഒരു അപകടത്തിന്‍റെ സൂചനയോ ലക്ഷണങ്ങളോ ആയേ കാണുവാന്‍ സാധിച്ചൊള്ളു. അയാളില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വീണ്ടും എന്നെ പിന്തുടരുവാന്‍ തുടങ്ങി. പിന്നെ ഞാന്‍ സര്‍വ ദൈര്യവും സംഭരിച്ച് അയാളോട് സംസാരിക്കുവാന്‍ തുടങ്ങി.


"നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? നിങ്ങള്‍ എന്തിനാണ് എന്നെ ശല്യപ്പെടുത്തുന്നത്?"


"എന്‍റെ കുഞ്ഞ്"... വീണ്ടും വീണ്ടും അയാള്‍ അത് തന്നെ ആവര്‍ത്തിച്ചു.


ഞാന്‍ കുറച്ചു ദൈര്യം സംഭരിച്ച് അയാളോട് സംസാരിക്കാന്‍ തീരുമാനിച്ചു.

"ശരി നിങ്ങളുടെ കുഞ്ഞിന് എന്താണ് പറ്റിയതതെന്നു പറയു"?

മനസിനുള്ളിലെ പേടിയും ആകാംക്ഷയും എന്‍റെ മുഖത്ത് പ്രകടമായിരുന്നു.


അയാള്‍ ആ ചോദ്യം കേട്ടതും ദൂരേക്ക് എവിടെയോ വിരലുകള്‍ ചൂണ്ടി എന്നോടു കൂടെ ചെല്ലുവാന്‍ ആഗ്യം കാണിച്ചു. ഞാന്‍ ദൈര്യം വീണ്ടെടുത്ത് അയാളുടെ കൂടെ നടക്കാന്‍ തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോള്‍ അങ്ങകലെയായി ഒരു ചെറ്റ കുടില്‍ കാണുവാന്‍ തുടങ്ങി. ആ വീടിന്‍റെ അവസ്ഥ ശോചനീയമായിരുന്നു. ആ പരിസര പ്രദേശങ്ങളില്‍ ഒന്നും ആരെയും കാണുവാന്‍ കഴിഞ്ഞില്ല. ആ കുടിലില്‍ ആരും താമസിക്കുന്നതായിട്ടും തോന്നിയില്ല.


അയാള്‍ വീണ്ടും എന്‍റെ കുഞ്ഞ് എന്നും പറഞ്ഞ് വീടിന്‍റെ പുറകിലേക്ക് ഓടി. ഞാന്‍ അപ്പോള്‍ ചുറ്റും കണ്ണോടിക്കുകയായിരുന്നു. അടുത്തെങ്ങും ഒരു വീട് പോലുമില്ല. എന്‍റെ ദൈര്യം മുഴുവന്‍ ചോര്‍ന്നു പോകുവാന്‍ തുടങ്ങി. ഞാന്‍ അയാളെ തിരക്കി വീടിന്‍റെ പുറകു വശത്തേക്ക് നടന്നു.


"ചേട്ടാ.. നിങ്ങള്‍ എവിടെയാ?.." ഞാന്‍ ഉറക്കെ വിളിക്കുവാന്‍ ശ്രമിച്ചെങ്കിലും എന്‍റെ കണ്മുന്നില്‍ കണ്ട കാഴ്ചയാല്‍ എന്‍റെ വാക്കുകള്‍ പുറത്തു വന്നില്ല.


                      (തുടര്‍ച്ച.....) 
അവിടെ ഒരു കീറത്തുണിയില്‍ ഒരു കുഞ്ഞു കിടക്കുന്നു. ജീവന്‍ ഉള്ളതായി തോന്നിയില്ല. എന്‍റെ ശരീരം മുഴുവന്‍ തണുത്തുറഞ്ഞു. ആ കുഞ്ഞിന്‍റെ അടിത്തേക്ക് പോകുവാനോ അതിനെ തൊടുവാനൊ ഞാന്‍ പേടിച്ചു. കുറച്ചു നിമിഷത്തേക്ക് എന്‍റെ ബോധം എന്നില്‍ നിന്നും മറയുന്നതായി തോന്നി. പെട്ടെന്ന് വീണ്ടും ആ കരച്ചില്‍ എന്‍റെ കാതില്‍ മുഴങ്ങി "എന്‍റെ കുഞ്ഞ്." ആ നിലവിളി വീണ്ടും എന്‍റെ സ്ഥലകാല ബോധം തിരിച്ചുകൊണ്ടുവന്നു. ഞാന്‍ ആ മനുഷ്യനു വേണ്ടി വീണ്ടും ചുറ്റും തിരഞ്ഞുവെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. എന്‍റെ മനസിലെ ആയിരം ചോദ്യങ്ങള്‍ക്ക് അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപെടുവാനുള്ള ഉത്തരം ആണ് കിട്ടിയത്.


ഞാന്‍ ആ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് അവിടെ നിന്നും ഓടുവാന്‍ തുടങ്ങി. പക്ഷേ എന്‍റെ കാലുകള്‍ ഇടറുവാന്‍ തുടങ്ങി. വീണ്ടും വീണ്ടും അയാളുടെ കരച്ചില്‍ എന്‍റെ കാതുകളില്‍ മുഴങ്ങി. എന്‍റെ മനസ്സില്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് ആരോ വിളിച്ചുപറഞ്ഞു. വീണ്ടും എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ രക്ഷപെട്ടുള്ള എന്‍റെ ഓട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരികെ ആ കുഞ്ഞിന്‍റെ അടുത്തേക്ക് ഓടുവാന്‍ തുടങ്ങി. അപ്പോഴും ഭീതിയുടെ കരിനിഴല്‍ എന്നില്‍ അവശേഷിച്ചിരുന്നു.


വെള്ളത്തുണിയില്‍ ഉപേക്ഷിച്ചിരുന്ന ആ കുഞ്ഞിന്‍റെ ശരീരത്തിലും മുഖത്തുമെല്ലാം ഈച്ചയും ഉറുമ്പുകളും വിഹരിച്ചിരുന്നു. ആ കാഴ്ച്ച വളരെ ദാരുണമായിരുന്നു. ഞാന്‍ ആ കുഞ്ഞിനെ എന്‍റെ കൈകളില്‍ വാരിയെടുത്തു എന്‍റെ നെഞ്ചോടു ചേര്‍ത്തു. എന്‍റെ ശരീരത്തിലെ ചൂട് ഏറ്റപ്പോള്‍ ആ ശരീരം ഒന്ന്‍ അനങ്ങുന്നതായി എനിക്ക് തോന്നി. നേര്‍ത്ത ശ്വാസോഛ്വാസങ്ങള്‍ ആ ശരീരത്തില്‍ നിന്ന് ഉതുരുന്നതായി എനിക്കനുഭവപ്പെട്ടു. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ പതറി നിന്നു. പിന്നെ എങ്ങനെയെങ്കിലും ആ കുഞ്ഞിനെ രക്ഷിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. കുഞ്ഞിനെയും എടുത്ത് വഴിയിലേക്ക് ഓടി. അവിടെ ആരെയും കാണുവാന്‍ കഴിഞ്ഞില്ല. കുറച്ചു ദൂരം ചെന്നപ്പോള്‍ ഒരു പോലിസ് ജീപ്പ് വരുന്നത് കണ്ടു. എന്‍റെ മനസ്സില്‍ പേടി ഇരട്ടിച്ചു.


ആ കുഞ്ഞിനെ രക്ഷിക്കുവാനുള്ള വാഞ്ചയില്‍ പോലീസ് ജീപ്പിന് കൈ കാണിച്ചു. പോലിസുകാരോട് നടന്നതെല്ലാം പറഞ്ഞു. കുഞ്ഞിനെയും കൊണ്ടു പോലിസ് ജീപ്പ് ആശുപത്രിയിലേക്ക് കുതിച്ചപ്പോള്‍  ഞാന്‍ ഒരു കുറ്റവാളിയെപ്പോലെ അവരുടെ സ്ഥിരം പരേടില്‍ ഭാഗവാക്കായി. ചോദ്യങ്ങളും തെളിവെടുപ്പും അങ്ങനെ ഒരു സമരം എനിക്ക് നല്‍കിയ അനുഭവം വളരെ വിചിത്രമായിരുന്നു. ഞാന്‍ പറഞ്ഞ സംഭവത്തില്‍ എന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട ആ മനുഷ്യനെ മാത്രം കാണിച്ചുകൊടുക്കുവാന്‍ സാധിച്ചില്ല. പോലിസുകാരെ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ ചക്കക്ക് ചുറ്റും ഈച്ച കൂടുന്നതുപോലെ ഒരു പറ്റം ആള്‍ക്കാരും കൂടും. അത്രയും നേരം വിജനമായി കിടന്ന വഴിയില്‍ മനുഷ്യരെ കൊണ്ടു നിറഞ്ഞു.


ആ നാട്ടുകാരില്‍ ആരോ പറയുന്നത് കേട്ടു "ആ വീട്ടില്‍ ഒരു പാടു ദുരൂഹതകള്‍ ഉണ്ട്. ആര്‍ക്കും അവിടെ തനിയെ പോകുവാനുള്ള ദൈര്യം ഇല്ല. പണ്ട് അതിന്‍റെ ഉടമസ്ഥന്‍ അവിടെ തൂങ്ങിമരിച്ചതാണ്." ഏത് ഒറ്റപ്പെട്ട, അല്ലെങ്കില്‍ ആള്‍ പാര്‍പ്പില്ലാത്ത വീടിനെക്കുറിച്ച് നാട്ടില്‍ ഇതുപോലൊരു കഥ പതിവാണ്. എല്ലാ നാടകങ്ങള്‍ക്കൊടുവില്‍ ഞാന്‍ പോലിസ് ജീപ്പില്‍ കയറി അടുത്ത പതിവുകള്‍ക്കായി യാത്ര ആരംഭിച്ചു. ആ ഒറ്റപ്പെട്ട വീട്ടിലേക്ക് ഞാന്‍ നോക്കി അയാളെ അവിടെ കാണുവാന്‍ കഴിഞ്ഞാല്‍! ഒരു ദീര്‍ഘ നിശ്വാസം വിട്ട് അകന്നു പോകുന്ന ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയപ്പോള്‍ ഞാന്‍ കണ്ടു അയാളെ വീണ്ടും. പക്ഷേ ഞാന്‍ കണ്ണടച്ചു തുറന്നപ്പോളെക്കും അയാള്‍ ആ ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു കഴിഞ്ഞിരുന്നു. അയാള്‍ ആരാണെന്നോ എന്താണെന്നോ അറിയില്ല. പക്ഷേ എന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം തന്നിട്ടാണ് അയാള്‍ പോയിമറഞ്ഞത്‌.


"കാത്തു അത്താഴം കഴിക്കാന്‍ വാ കുട്ടി" അമ്മയുടെ വിളി വീണ്ടും വന്നു.


തന്‍റെ ചിന്തകള്‍ക്ക് വിട പറഞ്ഞ് അത്താഴം കഴിക്കാന്‍ പോകുവാന്‍ ഒരുങ്ങിയപ്പോള്‍ അവള്‍ തന്‍റെ മേശപ്പുറത്തിരുന്ന ഡയറി വെറുതെയൊന്ന് മറിച്ചുനോക്കി. തന്‍റെ ഏറ്റവും മനോഹരമായ എഴുത്തുകളില്‍ ഒന്ന് അവളുടെ കണ്ണില്‍ പതിഞ്ഞു.... നിലാവിന്‍റെ സൗന്ദര്യത്തില്‍ ചാലിച്ച

അവളുടെ നിര്‍വച്ചനങ്ങളില്ലാത്ത പ്രണയം...


"നിലാവെളിച്ചം നിശയെ പുൽകുമ്പോൾ ഇളം തെന്നലായി വരുമെൻ ചാരെ നിന്നോർമ്മകൾ എതോ സ്വപ്‌നത്തിൻ ചിറകിലേറി പോയീടാൻ......

യാത്രകൾ ഒരിക്കലും അവസാനിക്കരുതെന്നാഗ്രഹിക്കുമ്പോൾ അവയെല്ലാം ഒരു സ്വപ്നമായിരുന്നുവെന്ന് എന്‍റെ കാതിൽ മെല്ലെ മൊഴിഞ്ഞ്‌ അവ ദൂരേക്ക്‌ പറന്നകലും.....".

             ................ കാര്‍ത്തിക ...............

Post a Comment