My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Sunday, March 26, 2017ദുഃഖം ആത്മാവിന്റെ ആഴങ്ങളിൽ ഘനീഭവിക്കുമ്പോൾ മനസ്സ്‌ മൗനത്തിനു വഴിമാറുന്നു. പിന്നെ ചിന്തകളുടെ ഒരു വേലിയേറ്റമാണു. ആ ചിന്തകളുടെ മധ്യത്തിൽ ഞാൻ വീണ്ടും തനിച്ചായതുപോലെ.


സ്വന്തം കാര്യപ്രാപ്തിക്കായി എല്ലാവരും അഭിനയിക്കുകയാണു, വെറുതെ സ്നേഹം നടിക്കുകയാണു. സാഹചര്യങ്ങൾക്ക്‌ അനുസരിച്ച്‌ എല്ലാവരും മാറുന്നു, വിവിധ മുഖങ്ങൾ സ്വീകരിക്കുന്നു. ആരെയാണു വിശ്വസിക്കേണ്ടത്‌, ആരുടെ വാക്കുകളാണു സത്യം പറയുന്നത്‌.


മൗനത്തിൻ മറയിലെ ചോദ്യങ്ങൾക്ക്‌ ഒരുത്തരം മാത്രം ഞാൻ കണ്ടെത്തി..

"ഈ ഭൂമിയിൽ ജനിച്ചു വീണപ്പോൾ ഞാൻ ഒന്നിനും അവകാശിയല്ലായിരുന്നു, ഇനി ജീവിതത്തിൽ അങ്ങോട്ട്‌ എനിക്ക്‌ അവകാശപ്പെടുവാനും ഒന്നുമില്ല, ആരുടെയൊക്കെയോ അവകാശമായിരിക്കുന്ന ഒരു ആറടി മണ്ണിൽ ഈ ജീവന്റെ അവസാനവും എഴുതപ്പെട്ടിരിക്കുന്നു. പിന്നെ ഞാനെന്തിനെക്കുറിച്ചു വിലപിക്കണം!!."


ചിലപ്പോൾ നമ്മൾക്കും ചുറ്റും നമ്മുടെ പ്രിയപ്പെട്ടവർ ഉണ്ടെങ്കിൽ കൂടിയും ഈ ലോകത്തിൽ നമ്മൾ അനാഥരാകുന്ന നിമിഷങ്ങൾ ഉണ്ട്‌. വേദനയുടെ മറ്റൊരു അനുഭവം. അത്‌ ജീവിതത്തിൽ വീണ്ടും തുടർക്കഥയാകുമ്പോൾ ആരും കാണാതെ കണ്ണുനീർ പൊഴിക്കുവാൻ മാത്രമേ സാധിക്കൂ.

Friday, March 24, 2017

Grief The Unspoken...

"എല്ലാം നൈമിഷികമാണു ഈ ഭൂവിലെന്ന് ഓരോ ജീവിതാനുഭവങ്ങളും എപ്പോഴും നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു."
മാർച്ച്‌ പതിമൂന്നാം തീയതി എന്റെ ബ്ലോഗിൽ ഞാൻ കുറിച്ചത്‌ എന്റെ കുഞ്ഞിനെക്കുറിച്ചും അവളുടെ വല്യപ്പച്ചനെക്കുറിച്ചുമാണു. അന്ന് ഉച്ചകഴിഞ്ഞ്‌ ആ വാർത്തയും ഞങ്ങളെ തേടിയെത്തി; അവളുടെ വല്യപ്പച്ചൻ, എന്റെ രെഞ്ചിയുടെ പിതാവ്‌ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നുവെന്ന്. അവൾക്കും എനിക്കും അവസാനമായി ഒന്നു കാണുവാനുളള ഭാഗ്യം ലഭിച്ചില്ലാ. വിദേശ വാസത്തിന്റെ  തുടർച്ചയിൽ ജീവിതത്തിൽ നമ്മൾക്ക്‌ നഷ്ടപ്പെടുന്ന ഏറ്റവും അമൂല്യമായ നിമിഷങ്ങളിൽ ഒന്ന്.


വേദന തോന്നിയെങ്കിലും ആ അനുഭവങ്ങൾ ഓരോ മനുഷ്യരുടേയും കർമ്മത്തിന്റെ ഫലമായി അനുഭവിക്കേണ്ടതാണെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ചില വിശ്വാസങ്ങൾ മനസ്സിൽ വേരൂന്നിയിറങ്ങുമ്പോൾ ജീവിതത്തിലെ ഏത്‌ പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കുവാൻ അത്‌ നമ്മെ സഹായിക്കും. ഒരു പാട്‌ കണക്കുക്കൂട്ടലുകൾ , ആ കൂട്ടിക്കിഴിക്കലുകളുടെ ഭാഗമായി ഉരുത്തിരിയുന്ന കുറേ സ്വപ്നങ്ങൾ. ജീവിതയാത്രയിലെ ചില നഷ്ടങ്ങൾക്കിടയിൽ അതിൽ ചില സ്വപ്നങ്ങളെ മനസ്സിന്റെ ഒരു കോണിൽ കുഴിവെട്ടി നമ്മൾ തന്നെ മണ്ണിട്ടു മൂടുന്നു.നഷ്ട സ്വപ്നങ്ങൾക്ക്‌ വിട നൽകി ജീവിതത്തിൽ ഇനിയും ബാക്കിയായ ഒരു പിടി സ്വപ്നങ്ങളുടെ സാക്ഷാൽക്കാരത്തിനുവേണ്ടിയുളള യാത്ര ഇനിയും തുടർന്നേ മതിയാകൂ....
 അപ്പോൾ കാലം തീർത്ത മുറിവുകൾ കാലം തന്നെ ഉണക്കുന്നു... 

Grief The Unspoken....

Monday, March 13, 2017

നശ്വരമായ ജീവിതം

ജീവിതത്തിൽ മറ്റു ചില കാര്യങ്ങൾക്ക്‌ പ്രാധാന്യമേറുമ്പോൾ നമ്മൾ നമ്മുടെ സ്വപ്നങ്ങളേയും, ഇഷ്ടങ്ങളേയും ചെറുതായിയൊന്ന് മാറ്റി നിർത്തും. അതാണിപ്പോൾ എന്റെ ബ്ലോഗിൽ ഒരു വരി കുറിക്കുവാൻ എനിക്ക്‌ കഴിയാത്തത്‌. പക്ഷേ അത്‌ എന്നന്നേക്കുമായുളള ഒരു ഇടവേളയല്ലാ; ജീവിതത്തിന്റെ രണ്ട്‌ അറ്റങ്ങൾ തമ്മിൽ കൂട്ടിയോചിപ്പിക്കുവാനുളള തത്രപ്പാടിൽ എന്റെ അക്ഷരങ്ങൾക്കും, എഴുത്തിനും ഒരു ഇടവേള നൽകിയെന്നേയുളളൂ. 

എന്റെ സമയത്തെ ഇപ്പോൾ നിയന്ത്രിക്കുന്നത്‌ എന്റെ കുഞ്ഞാണു. അവൾ ഉറങ്ങുമ്പോൾ ഞാനുറങ്ങുന്നു, അവൾ ഉണരുമ്പോൾ ഞാനും ഉണരുന്നു. അവൾ വെളുപ്പിനെ എണീക്കും. പാലുകുടിയും അവളുടെ പ്രഭാതകാര്യങ്ങളുമൊക്കെ കഴിഞ്ഞ്‌ അവളോട്‌ വർത്തമാനം പറയണം. വാതോരാതെ എന്തൊക്കെയോ സംസാരിക്കും. മാലാഖമാരുടെ ഭാഷ മനസ്സിലായില്ലെങ്കിൽ കൂടിയും ഞാൻ അവൾക്ക്‌ മറുപടി നൽകും. സംസാരം കഴിഞ്ഞ്‌ വീടിന്റെ മുറ്റത്തു കൂടി ഞങ്ങൾ രണ്ടുപേരും ഉലാത്തും. ഇളം വെയിലും, നനുത്ത മഞ്ഞും അവളുടെ കുഞ്ഞിളം മേനിയെ തഴുകുംമ്പോൾ അവൾ എന്റെ നെഞ്ചിന്റെ ചൂടേറ്റ്‌ കിടന്ന് അപ്പച്ചൻ നട്ടു വളർത്തിയ ചെടികളുടേയും, പൂക്കളൂടേയും ഭംഗി ആസ്വദിക്കുന്നുണ്ടാവും.

കഴിഞ്ഞ മാർച്ച്‌ 14-നാണു അവൾ എന്റെ ഉദരത്തിൽ ഉരുവായെന്ന് ഞാൻ അറിയുന്നത്‌. ഇന്ന് ഒരു വർഷമാകുന്നു അവൾ എന്റെ ജീവിതത്തിന്റെ, എന്റെ ആത്‌മാവിന്റെ ഭാഗമായിട്ട്‌. ഈ ലോകത്തിലെ എല്ലാ സന്തോഷവും എനിക്ക്‌ അവളിൽ കാണുവാൻ സാധിക്കുന്നു. എനിക്കാ ഭാഗ്യം ലഭിച്ചതിനു ദൈവത്തിനു ഓരോ നിമിഷവും ഞാൻ നന്ദി പറയുകയാണു. അവൾ ഇപ്പോൾ എന്നെ തിരിച്ചറിയുവാൻ തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞു കുഞ്ഞു വാശികളും, കുസൃതികളും, സങ്കടങ്ങളുമെല്ലാം ഞാനും ഒരുപാട്‌ ആസ്വദിക്കുന്നു. 

ജീവിതത്തിൽ വളരെ സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണു ഞങ്ങൾ കടന്നു പൊയ്കൊണ്ടിരിക്കുന്നത്‌. പക്ഷേ ആ അവസ്ഥയെയെല്ലാം തരണം ചെയ്യുവാൻ അവളുടെ പുഞ്ചിരി ഞങ്ങളെ സഹായിക്കുന്നു. പക്ഷേ ചെറിയ ഒരു ദു:ഖം അവിടേയും അവശേഷിക്കുന്നു. അവളുടെ വല്യപ്പച്ചൻ ജീവിതത്തിന്റെ അവസാന നാളുകളിലൂടെ യാത്ര ചെയ്യുകയാണു. കൊച്ചുമോളെ കൊണ്ടുപോയി കാണിക്കുവാൻ ഉളള സാഹചര്യം എനിക്ക്‌ ഇല്ലാണ്ടുപോയി. അവളുടെ വല്യപ്പച്ചന്റെ കൈകളിൽ ഇരിക്കുവാനും, ആ അനുഗ്രഹം വാങ്ങുവാനും അവൾക്കും സാധിക്കാതെ പോയിരിക്കുന്നു. ആ പിതാവിനെ ശുശ്രൂഷിക്കുവാൻ രെഞ്ചിക്കെങ്കിലും ഭാഗ്യം ലഭിച്ചല്ലോയെന്നോർത്ത്‌ ആശ്വസിക്കുന്നു.

ജനനവും മരണവും ഒരു പോലെ ജീവിതത്തിലൂടെ കടന്നു പോകുന്നു. ജനനത്തിന്റെ സന്തോഷം പൂർണ്ണമാകുന്നതിനു മുൻപേ വേർപ്പാടിന്റെ ദു:ഖവും ഞങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. നശ്വരമായ ഈ ലോകത്തിൽ ഓട്ടം തികക്കുവാൻ ജീവിതം ബാക്കിയുളളവരും.......